കണ്ണൂർ: ലഹരി വിമുക്തമായ സമൂഹസൃഷ്ടിക്ക് യുവജനങ്ങളും വിദ്യാർഥികളും ചേർന്ന് തുടക്കമിടണമെന്ന് കെ. സുധാകരൻ എംപി. ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യനീതി ഓഫീസും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണം കണ്ണൂർ പോലീസ് സഭാ ഹാളിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ കളക്ടർ പി.വിഷ്ണുരാജ് അധ്യക്ഷത വഹിച്ചു.സിറ്റി പോലീസ് കമ്മീഷണർ ബി.വി വിജയ ഭരത് റെഡ്ഢി ലഹരിവിരുദ്ധ ദിനാചരണ സന്ദേശം നൽകി. ഡിഡിഇ ഡി. ഷൈനി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ വികസനകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ലിഷ ദീപക്, ഡിഎംഒ ഇൻ-ചാർജ് ഡോ. കെ.സി.സച്ചിൻ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ. പ്രസാദ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.അബൂബക്കർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ പി. ബിജു എന്നിവർ പ്രസംഗിച്ചു. ലഹരിക്കെതിരായ ഐഇസി പോസ്റ്ററും പ്രകാശനം ചെയ്തു.
അസിസ്റ്റന്റ് കളക്ടർ എസ്. സ്വാതി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ പി. സജിത്കുമാർ, പി.കെ.സുരേഷ്, പ്രതീക്ഷ അഡിക്ഷൻ സെന്റർ ഡയറക്ടർ ഫാ. ജെയിംസ് കോലക്കുന്നേൽ, ജില്ലാ പ്രൊബേഷൻ ഓഫീസർ കെ. ഷുഹൈബ്, കണ്ണൂർ പ്രസ്ക്ലബ് പ്രസിഡന്റ് സി. സുനിൽകുമാർ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ സുജിത് തില്ലങ്കേരി എന്നിവർ പ്രസംഗിച്ചു. ഇൻസ്പെക്ടർ എസ്. ബി കൈലാസ്നാഥ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. രാജീവൻ, ഡോ. കെ മുനീർ എന്നിവർ ക്ലാസെടുത്തു.